അലാമിക്കളിയിൽ തിളങ്ങി മടിക്കൈ; പി കുഞ്ഞികൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി
2008-ൽ അബുദാബിയിൽ അവതരിപ്പിച്ച അലാമിക്കളി പരിപാടി ഏറെ പ്രശംസ നേടി. കേരളത്തിനകത്തും പുറത്തുമായി ഏഷ്യാനെറ്റ്, ദൂരദർശൻ തുടങ്ങിയ ചാനലുകളിലും നിരവധി വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ 12-ഓളം കലാസാംസ്‌കാരിക സ്ഥാപനങ്ങൾക്ക് വേണ്ടി അലാമിക്കളി പരിശീലനം നൽകി നിരവധി കലാകാരന്മാരെ രംഗത്തെത്തിച്ചിട്ടുമുണ്ട്.
മടിക്കൈ: അലാമിക്കളി കലാരംഗത്ത് നൽകിയ മികച്ച സംഭാവനകൾക്ക് മടിക്കൈ പി കുഞ്ഞികൃഷ്ണന് കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക് ലോർ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം കളക്ടർ ദിവ്യ എസ് അയ്യരിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്. കൊറോണ കാലത്തെ അനിശ്ചിതത്വത്തെ തുടർന്ന് വൈകിയ ഈ പുരസ്‌കാരം 2023-ൽ പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും 2026-ലാണ് വിതരണം നടന്നത്.
ചാളക്കടവ് സ്വദേശിയായ കുഞ്ഞികൃഷ്ണൻ വർഷങ്ങളായി അലാമിക്കളി രംഗത്ത് സജീവ സാന്നിധ്യമാണ്. വനിതകൾ ഉൾപ്പെടെ നിരവധി പേർക്ക് അലാമിക്കളി പരിശീലനം നൽകി കലാരംഗത്തേക്ക് കൈപിടിച്ചു നയിച്ചിട്ടുണ്ട്. 1998 മുതൽ നാടൻ കലാരംഗത്ത് പാട്ടുകാരനായും പരിശീലകനായും പ്രവർത്തിക്കുന്ന അദ്ദേഹം “തുടി നാടൻ കലാകേന്ദ്രം മടിക്കൈ” വഴിയാണ് അരങ്ങേറ്റം കുറിച്ചത്.
2004 മുതൽ അലാമിക്കളി പരിശീലകനായി തുടരുന്ന കുഞ്ഞികൃഷ്ണൻ, 2006-ൽ “പൊലിക നാടൻ കലാസംഘം മടിക്കൈ” രൂപീകരിച്ചു. 2008-ൽ അബുദാബിയിൽ അവതരിപ്പിച്ച അലാമിക്കളി പരിപാടി ഏറെ പ്രശംസ നേടി. കേരളത്തിനകത്തും പുറത്തുമായി ഏഷ്യാനെറ്റ്, ദൂരദർശൻ തുടങ്ങിയ ചാനലുകളിലും നിരവധി വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ 12-ഓളം കലാസാംസ്‌കാരിക സ്ഥാപനങ്ങൾക്ക് വേണ്ടി അലാമിക്കളി പരിശീലനം നൽകി നിരവധി കലാകാരന്മാരെ രംഗത്തെത്തിച്ചിട്ടുമുണ്ട്.
26 വർഷമായി കല, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവമായ കുഞ്ഞികൃഷ്ണൻ നിലവിൽ മടിക്കൈ പഞ്ചായത്ത് എട്ടാം വാർഡിലെ ജനപ്രതിനിധിയാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും സ്വരജതി കലാസാംസ്‌കാരിക ചാരിറ്റി കൂട്ടായ്മയുടെ സാരഥിയായും പ്രവർത്തിച്ചുവരുന്നു. അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: പി കുമ്പ. ഭാര്യ: കെ സുധ. മക്കൾ: സുധീഷ്ണ (അക്കൗണ്ടന്റ്), സുധിന (മടിക്കൈ സർവീസ് സഹകരണ ലാബ് ടെക്നീഷ്യൻ)
What's Your Reaction?