കാസർകോട് മെഡിക്കൽ കോളേജ്; ഒരുമാസത്തിനകം ഹോസ്റ്റൽ തുറക്കും

വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ്

Apr 24, 2026 - 08:35
 0
കാസർകോട് മെഡിക്കൽ കോളേജ്; ഒരുമാസത്തിനകം ഹോസ്റ്റൽ തുറക്കും

കാസർകോട്: നീണ്ട കാത്തിരിപ്പിന് പിന്നാലെ ഉക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ഹോസ്റ്റൽ ഒരുമാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് തീരുമാനം. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.

ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നേരത്തെ നിലച്ചിരുന്ന പ്രധാന ആശുപത്രി കെട്ടിടത്തിന്റെ പണികളും വീണ്ടും സജീവമായി.

ഹോസ്റ്റൽ കെട്ടിടങ്ങളിൽ വൈദ്യുതി വയറിങ് പൂർത്തിയായതിനാൽ താമസ സൗകര്യം ഉടൻ സജ്ജമാകും. ചുറ്റുമതിൽ, പ്രധാന കവാടം എന്നിവയുടെ നിർമ്മാണ നടപടികൾ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, മെഡിക്കൽ കോളേജിലെ ലാബ് പ്രവർത്തനം ഉടൻ ആരംഭിക്കാനും, ആംബുലൻസ് സേവനം അടുത്ത മാസം മുതൽ ലഭ്യമാക്കാനും അധികൃതർ തീരുമാനിച്ചു. കാന്റീൻ, മോർച്ചറി, ദ്രവമാലിന്യ സംസ്കരണ പ്ലാന്റ്, കളിസ്ഥലം, ഇൻഡോർ കോർട്ട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ത്വരിതപ്പെടുത്തും.

അവലോകന യോഗത്തിന് ശേഷം കലക്ടർ വിദ്യാർത്ഥികളോടൊപ്പം ഹോസ്റ്റൽ സന്ദർശിച്ചു. താമസവും ഗതാഗതവും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെടുന്നതിൽ വിദ്യാർത്ഥികൾ സന്തോഷം പങ്കുവച്ചു. കോളേജ് ബസ് അനുവദിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.

മെഡിക്കൽ കോളേജ് അധികൃതരും വിവിധ വിഭാഗം മേധാവികളും യോഗത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow