കിണറിൽ വീണ് പരിക്കു പറ്റിയ അടുക്കം സ്വദേശി മരിച്ചു
നീലേശ്വരം: കിണർ പണിക്കിടയിൽ കയർ പൊട്ടി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. അടുക്കം ആനപ്പെട്ടി കാവിൽ വീട്ടിലെ ചന്ദ്രൻ നായരുടെ മകൻ രാജൻ(64) ആണ് മരിച്ചത്. ഞായറാഴ്ച വാഴുന്നോറടി മേനിക്കോട്ടാണ് അപകടം. ജോലിക്കിടയിൽ വീണ് കാലൊടിഞ്ഞ നിലയിലാണ് രാജനെ നോർത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: ഇന്ദിര. മക്കൾ. ഐശ്വര്യ, വിനയരാജ്. മരുമകൻ : നിഥിൻ.
What's Your Reaction?