പ്രവേശനോത്സവം വർണ്ണാഭമാക്കി ജിവിഎച്ച്എസ്എസ് അമ്പലത്തറ
അമ്പലത്തറ: 2026–27 അക്കാദമിക വർഷത്തേക്കുള്ള പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ ജിവിഎച്ച്എസ്എസ് അമ്പലത്തറയിൽ സംഘടിപ്പിച്ചു. അധ്യാപകർ നിർമ്മിച്ച വർണ്ണത്തൊപ്പികളും ബലൂണുകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനിയിൽ നിന്ന് വിദ്യാലയ അങ്കണത്തിലേക്ക് കുട്ടികളെ ആനയിച്ചുകൊണ്ടുവന്നത് ചടങ്ങിന് ആവേശം പകർന്നു.
പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ മാടിക്കാൽ നാരായണൻ നിർവഹിച്ചു. നവാഗതർക്കായി ഗ്രാമീൺ ബാങ്ക് അമ്പലത്തറ ശാഖ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
വിദ്യാലയത്തിന്റെ പ്രവാസി പൂർവവിദ്യാർത്ഥി കൂട്ടായ്മയായ “പാസ്” മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പായസ വിതരണം നടത്തി. മീങ്ങോത് ഇഎംഎസ് കലാ സാംസ്കാരിക കേന്ദ്രവും നിരവധി പൂർവ വിദ്യാർത്ഥികളും വിവിധ പഠനോപകരണങ്ങൾ നൽകി.
പിടിഎ പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പുല്ലൂർ–പെരിയ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കൃഷ്ണകുമാർ, എസ്.എം.സി ചെയർമാൻ മനോജ് കുമാർ, പ്രിൻസിപ്പൽ പ്രശാന്ത് കെ.വി, മദർ പി.ടി.എ പ്രസിഡന്റ് സുജാത രാമകൃഷ്ണൻ, ഗ്രാമീൺ ബാങ്ക് അമ്പലത്തറ ബ്രാഞ്ച് മാനേജർ ലിബിൻ, സീനിയർ അസിസ്റ്റന്റ് നിഷ കെ, പാസ് ഭാരവാഹി മെഹബൂബ്, മുൻ പിടിഎ പ്രസിഡന്റ് കൃഷ്ണൻ കാനത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ രാജേഷ് പി.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പത്മജ കെ നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?