ഭിന്നശേഷിക്കാർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മഹത്തായ പദ്ധതി; ‘എം ക്യൂബ്’ ബോധവൽക്കരണ പരിപാടിയുമായി ഗോപിനാഥ് മുതുകാടും സംഘവും കാസർകോട്

മെയ് ഒന്നിന് വൈകിട്ട് ആറുമണിക്ക് കാസർകോട് റോയൽ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്

Apr 13, 2026 - 22:03
 0
ഭിന്നശേഷിക്കാർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മഹത്തായ പദ്ധതി; ‘എം ക്യൂബ്’ ബോധവൽക്കരണ പരിപാടിയുമായി ഗോപിനാഥ് മുതുകാടും സംഘവും കാസർകോട്

കാസർഗോഡ്: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കാസർകോട് ജില്ലയിലെ മടിക്കൈയിൽ ആരംഭിക്കുന്ന “ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്” (ഐ.ഐ.പി.ഡി) പദ്ധതിയുടെ ബോധവൽക്കരണത്തിനായി പ്രശസ്ത മാജീഷ്യൻ ഗോപിനാഥ് മുതുകാട് സംഘവും ‘എം ക്യൂബ്’ എന്ന നവ്യാനുഭവ പരിപാടിയുമായി കാസർകോട്ടെത്തുന്നു. തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഈ ബൃഹത് സംരംഭത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

2026 മെയ് 1-ന് വൈകിട്ട് 6 മണിക്ക് കാസർകോട് റോയൽ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. മാജിക്, മ്യൂസിക്, മോട്ടിവേഷൻ എന്നിവയുടെ സമന്വയമായ ദൃശ്യവിസ്മയമായി ‘എം ക്യൂബ്’ മാറുമെന്ന് ഗോപിനാഥ് മുതുകാട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററും കാസർകോട് പ്രസ് ക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത പിന്നണിഗായകരായ ആർ. രവിശങ്കർ, ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ പങ്കെടുക്കുന്ന സംഗീത വിരുന്നിനൊപ്പം, ഡിഫറന്റ് ആർട്ട് സെന്ററിലെ പരിശീലന വിദ്യാർത്ഥികളായ ക്രിസ്റ്റീൻ റോസ് ടോജോ, വിഷ്ണു ആർ എന്നിവരും വിസ്മയ പ്രകടനങ്ങൾ അവതരിപ്പിക്കും.

സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഐ.എം. വിജയൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഐ.ഐ.പി.ഡി പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, ഈ വമ്പൻ സംരംഭത്തിനായുള്ള ധനശേഖരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന പരിപാടികളിലൊന്നായി കാസർകോട്ടും ‘എം ക്യൂബ്’ സംഘടിപ്പിക്കുന്നത്.

മടിക്കൈയിൽ 30 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന ഐ.ഐ.പി.ഡി പദ്ധതിക്ക് ഏകദേശം 120 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതി പൂർത്തിയായാൽ ഇന്ത്യയിലെ ഭിന്നശേഷിക്കാർക്കായുള്ള ഏറ്റവും വലിയ സ്ഥാപനമായി ഇത് മാറും. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെ ഭിന്നശേഷിക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാ-കായിക പരിശീലന സൗകര്യങ്ങൾ, അത്യാധുനിക തെറാപ്പി സംവിധാനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും.

വാർത്താസമ്മേളനത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷിജു കണ്ണൻ, സെക്രട്ടറി പ്രദീപ് നാരായണൻ, ചിത്ര ലൈറ്റ് ആൻഡ് സൗണ്ട്സ് എം.ഡി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow