മാതൃകാപരമായ സേവനം; കെ.എസ്.ആർ.ടി.സി. മികച്ച കണ്ടക്ടർ പുരസ്കാരം സുനിൽ അബ്രഹാമിന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ മികച്ച പ്രകടനത്തിനും മാതൃകാപരമായ സേവനത്തിനുമുള്ള ‘ബെസ്റ്റ് പെർഫോമൻസ്’ പുരസ്കാരം പാണത്തൂർ ചിറങ്കടവ് സ്വദേശി സുനിൽ അബ്രഹാമിന്. കാഞ്ഞങ്ങാട്–പാണത്തൂർ–സുള്ള്യ റൂട്ടിലെ ബസിലെ കണ്ടക്ടറാണ് സുനിൽ.
കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ സത്യനാഥനിൽനിന്ന് സുനിൽ അബ്രഹാം പ്രശംസാപത്രവും പുരസ്കാരവും ഏറ്റുവാങ്ങി.
യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, സത്യസന്ധത, ഉത്തരവാദിത്തബോധം, ഡിപ്പോയ്ക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിൽ കാഴ്ചവെച്ച മികവ് എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രകൾ സുരക്ഷിതവും സന്തോഷകരവുമാക്കുന്നതിൽ സുനിലിന്റെ ക്ഷമയും വിനയവും നിറഞ്ഞ സേവനം കെ.എസ്.ആർ.ടി.സിക്ക് അഭിമാനകരമാണെന്ന് പ്രശംസാപത്രത്തിൽ അധികൃതർ വ്യക്തമാക്കി.
അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ, ഡിപ്പോ എൻജിനിയർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?