ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ്: ഡോസ് ഡെവിൾസിന് കിരീടം
ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി പൂർവവിദ്യാർഥി സംഘടനയായ ഖത്തർ എംഡിസിപിയൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ൽ ഡോസ് ഡെവിൾസ് കിരീടം സ്വന്തമാക്കി.
ഗറാഫയിലെ പേർലിങ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ശക്തരായ ഫാർമ കൈനറ്റിക്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ഡോസ് ഡെവിൾസ് ജേതാക്കളായത്. മികച്ച പോരാട്ടവീര്യവും കായിക മികവും നിറഞ്ഞ ഫൈനൽ മത്സരം കാണികൾക്ക് ആവേശകരമായ ക്രിക്കറ്റ് അനുഭവമായി.
ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിന് അബ്ദുൽ റഹിമാൻ എരിയാൽ മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടി. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ജസ്സിർ മാങ്ങാടിനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
ഫാർമ സൂപ്പർ കിങ്സ്, ഫാർമ വാരിയേഴ്സ്, ഡോസ് ഡെവിൾസ്, ഫാർമ കൈനറ്റിക്സ് എന്നീ നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ലീഗ് മത്സരങ്ങൾ മുതൽ ഫൈനൽ വരെ ആവേശകരമായ പോരാട്ടങ്ങളാണ് അരങ്ങേറിയത്. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കായിക മികവും ടൂർണമെന്റിന്റെ വിജയത്തിന് കരുത്തേകി.
മത്സരങ്ങൾ ഷെരീഫ് മേപ്പുരിയും നവീൻ ക്രിസ്റ്റീഫോറും നിയന്ത്രിച്ചു. വിജയികൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു.
ക്രിക്കറ്റ് മത്സരങ്ങൾക്ക് പുറമെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികൾ, വിനോദ മത്സരങ്ങൾ, കളികൾ, സമ്മാന പദ്ധതികൾ എന്നിവയും സംഘടിപ്പിച്ചു. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളും കുടുംബാംഗങ്ങളും വൻതോതിൽ പങ്കെടുത്ത പരിപാടി പൂർവവിദ്യാർഥികൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുന്ന വേദിയായി.
ആരിഫ് ബംബ്രൺ, ഹനീഫ് പേരാൽ, അബ്ദുൽ റഹിമാൻ എരിയാൽ, ഷംനാദ് കല്ലാർ, അഷ്റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേട്രിയ, അജ്മൽ റോഷൻ, സുലൈമാൻ അസ്‌കർ, ഹസീബ്, ഉസൈർ മുഹമ്മദ്, നൗഫൽ, ജസ്സിർ മാങ്ങാട്, റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?