"വായന വെളിച്ച" വുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ
കാഞ്ഞങ്ങാട്: അഭിനയത്തിനും സർഗാത്മകതയ്ക്കും ഊന്നൽ നൽകുന്ന കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ 'വായന വെളിച്ച'വുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. ഹൊസ്ദുർഗ് താലൂക്കിലെ 262 ഗ്രന്ഥശാലകളിൽ നടക്കുന്ന വേറിട്ട പദ്ധതി ഇത്തവണ ഏറെ വൈവിധ്യങ്ങളോടെയാണ് നടപ്പിലാക്കുക. സംസ്ഥാനത്തിനാകെ മാതൃക പകർന്ന ഈ വായന പദ്ധതി ഇക്കുറി വിജയകരമായ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിൻ്റെ ഭാഗമായി മൂന്ന് മേഖലകളിലായി നടക്കുന്ന ഏകദിന പരിശീലനത്തിന് കുട്ടികളുടെ തിയേറ്റർ രംഗത്ത് ഏറെ ശ്രദ്ധേയനായ മനോജ് നാരായൺ നേതൃത്വം നൽകും.
മധ്യവേനൽ അവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കുട്ടികൾ മൊബൈൽ ഫോണിനും ടെലിവിഷനും ടാബിനും ലാപ്പിനും നവമാധ്യമങ്ങളിലെ മരണക്കളികൾക്കും അടിമകളാകാതെ പുസ്തകങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ ഗ്രന്ഥശാലകളിലേക്കെത്തും. വായനയ്ക്ക് അവധിയില്ലെന്ന പ്രഖ്യാപനവുമായി കുരുന്നുകൾ പരമാവധി ദിവസങ്ങളിൽ ഗ്രന്ഥശാലകളിലെ വായനാ കൂട്ടത്തിലെത്തിച്ചേരും. പുസ്തകങ്ങൾ സംഘം ചേർന്ന് വായിച്ചും വായനാനുഭവങ്ങൾ നുണഞ്ഞും നാടക, സിനിമ ദൃശ്യപരത എന്നിവ തിരിച്ചറിഞ്ഞ് രക്ഷിതാക്കളുടെയും ഗ്രന്ഥശാല പ്രവർത്തകരുടെയും മേൽനോട്ടത്തിൽ കുട്ടികൾ തന്നെ സ്ക്രിപ്റ്റുകൾ രൂപപ്പെടുത്തും. നാലോ അഞ്ചോ സ്ക്രിപ്റ്റുകൾ നിർമിച്ച് കുട്ടികൾ അവയുടെ അഭിനയപ്പടവുകൾ കടന്നിറങ്ങി അവസാനം ഒരു സ്ക്രിപ്റ്റിനെ തെരഞ്ഞെടുക്കും. ഇവ പഞ്ചായത്ത്- മേഖല സമിതി തലത്തിലും തുടർന്ന് താലൂക്ക് തലത്തിൽ ആയിരത്തോളമാളുകളുടെ സാന്നിധ്യത്തിലും അവതരിപ്പിക്കും. കുരുന്നുകളെ പരമാവധി പുസ്തകങ്ങൾ വായിപ്പിക്കുകയായിരിക്കും ആത്യന്തിക ലക്ഷ്യം. വായന കുറിപ്പുകൾ എഴുതിയും വായനാനുഭവങ്ങൾ റീൽസുകളിലേക്ക് പകർത്തിയും പുഴയോരം, കടലോരം, വയലോരം, പുരവഞ്ചികൾ, കുളപ്പടവുകൾ, കുന്നിൻ പുറങ്ങൾ തുടങ്ങിയ പ്രകൃതിയിടങ്ങളിലെത്തിയും അവർ വായിക്കും. ഏപ്രിൽ ആദ്യവാരത്തിൽ ഗ്രന്ഥശാലയിലെ വായന വെളിച്ചം കൺവീനറുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ വായന വെളിച്ചത്തിലേക്ക് കടന്നുവരേണ്ട കുട്ടികളെ കണ്ടെത്താനുള്ള സർവെ, രക്ഷിതാക്കളുടെ യോഗം എന്നിവ നടക്കും.
പദ്ധതിയുടെ ഗ്രന്ഥശാല തല കൺവീനർമാർക്കുള്ള ഏകദിന പരിശീലനം ഏപ്രിൽ 10ന് കാടങ്കോട് ജയ്ഹിന്ദ് ഗ്രന്ഥാലയം , 11ന് കൂട്ടക്കനി ജിയുപി സ്കൂൾ, 12 ന് ചന്തേര ജിയുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്നതാണ്. പരിശീലനം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പി വി കെ പനയാൽ കാടങ്കോട്ട് ഉദ്ഘാടനം ചെയ്യും.
What's Your Reaction?