അമ്പലത്തറ സ്കൂൾ സ്ഥലത്ത് ഗുഹ കണ്ടെത്തി "കൽ പ്രകാശം" എന്ന പേരിൽ ഗുഹാ പ്രദർശനം നടത്തി.
അമ്പലത്തറ: കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാറപ്പള്ളി അമ്പലത്തറ ജിവിഎച്ച്എസ്എസ് വിദ്യാലയ സ്ഥലത്ത് പ്രാചീനമായ ഗുഹ കണ്ടെത്തി. യു പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ സാമൂഹ്യശാസ്ത്രപാഠഭാഗത്ത് ഗുഹയെ കുറിച്ചുള്ള പഠനം പരാമർശിക്കുന്ന സാഹചര്യത്തിൽ വിദ്യാലയ സ്ഥലത്ത് കാടു പിടിച്ചു കിടക്കുന്ന ഗുഹ വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം വൃത്തിയാക്കുകയും ഹെഡ് മാസ്റ്റർ പി വി രാജേഷ്, പി ടി എ പ്രസിഡണ്ട് ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനയോഗ്യമാക്കുകയും ചെയ്തു. ചരിത്രാവശേഷിപ്പുകളുടെ നേർകാഴ്ച വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞതിലും, ചരിത്ര പൈതൃകം സംരക്ഷിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞതിലുമുള്ള അഭിമാനത്തിലാണ് സ്കൂൾ അധികൃതരെന്ന് ഹെഡ് മാസ്റ്റർ പി വി രാജേഷ് പറഞ്ഞു. കൂടുതൽ പ്രവർത്തനങ്ങളിലൂടെ ഗുഹാപരിസരത്തെ ജൈവ പാർക്കായി മാറ്റിയെടുക്കുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. പ്രാദേശികമായി ഗുഹയ്ക്ക് മളി എന്നാണ് ആദ്യ കാലത്ത് ജനങ്ങൾ വിളിച്ചിരുന്നത്. സ്കൂൾ പറമ്പിൽ തന്നെ കണ്ടെത്തിയ ഗുഹ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കുമായി "കൽ പ്രകാശം" എന്ന പേരിൽ ഗുഹാ പ്രദർശനം നടത്തി. കാഞ്ഞങ്ങാട് നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനായ നന്ദകുമാർ കോറോത്ത് ഗുഹാ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് പി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾപ്രധാനാധ്യാപകൻ പി വി രാജേഷ് സ്വാഗതവും, എസ് എസ് എസ് എസ് ലീഡർ പാർവ്വണേന്ദു നന്ദിയും പറഞ്ഞു. സാമൂഹ്യ ശാസ്ത്രം സ്കൂൾ അദ്ധ്യാപകൻ രാഹുൽ പി വി പദ്ധതി വിശദികരണം നടത്തി. കെ അബൂബക്കർ മാസ്റ്റർ, സ്ക്കൂൾ പരിസരവാസി ചോയി അമ്പു, ബ്ലോക്ക് മെമ്പർ നാരായണൻ മാടിക്കാൽ, അമ്പലത്തറ ജനമൈത്രി പോലീസ് പ്രമോദ് ടി വി, പിടിഎ കമ്മിറ്റി അംഗങ്ങളായ എൻ മനോജ് കുമാർ, പി ശാക്കിർ, രതിഷ് എന്നിവർ പ്രസംഗിച്ചു.
What's Your Reaction?