ചരിത്രബോധം പുതിയ തലമുറയിൽ കുറഞ്ഞുവരുന്നു: എം. സ്വരാജ്

Jul 6, 2026 - 17:49
 0
ചരിത്രബോധം പുതിയ തലമുറയിൽ കുറഞ്ഞുവരുന്നു: എം. സ്വരാജ്

കാഞ്ഞങ്ങാട്: പുതിയ തലമുറയിൽ ചരിത്രബോധം കുറഞ്ഞുവരുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് അഭിപ്രായപ്പെട്ടു. മുൻ എം.എൽ.എയും സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനുമായിരുന്ന അഡ്വ. കെ. പുരുഷോത്തമന്റെ സ്മരണാർഥം രൂപീകരിച്ച അഡ്വ. കെ. പുരുഷോത്തമൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ഉദ്ഘാടനം മേലാങ്കോട്ട് ലയൺസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഗാന്ധിയൻ സ്റ്റഡീസ് ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാർഥികളുമായി പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ നടത്തിയ സംവാദത്തിൽ, "മഹാത്മാ ഗാന്ധി എങ്ങനെയാണ് കൊല്ലപ്പെട്ടത്" എന്ന ചോദ്യത്തിന് ഏകദേശം 70 ശതമാനം വിദ്യാർഥികളും "ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്നു" എന്ന മറുപടിയാണ് നൽകിയതെന്ന് സ്വരാജ് പറഞ്ഞു. ചരിത്രത്തെക്കുറിച്ചുള്ള ഇത്തരം തെറ്റായ ധാരണകൾ സമൂഹത്തിൽ വർധിച്ചുവരുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ മഹാത്മാ ഗാന്ധി മ്യൂസിയിലും ഗാന്ധിജിയെ "ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വെടിവെച്ചുകൊന്നു" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, ആരാണ് വെടിവെച്ചത്, എന്തിനാണ് കൊലപ്പെടുത്തിയത് എന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്നും സ്വരാജ് പറഞ്ഞു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷയിൽ "ഗാന്ധിജി ആത്മഹത്യ ചെയ്യാൻ ഇടയായത് എന്തുകൊണ്ട്?" എന്ന തരത്തിലുള്ള ചോദ്യങ്ങൾ പോലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങളെല്ലാം പുതിയ തലമുറയിൽ ചരിത്രബോധം കുറഞ്ഞുവരുന്നതിന്റെ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ആശയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ പോലും ഗാന്ധിജിയെ ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്നുവെന്നാണ് വിശ്വസിക്കുന്നതെങ്കിൽ, ചരിത്രത്തെ വികലമായി അവതരിപ്പിക്കുകയും യാഥാർഥ്യങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്നതിന്റെ ഫലമാണതെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.

അഡ്വ. കെ. പുരുഷോത്തമൻ അഭിഭാഷകൻ മാത്രമല്ല, മികച്ച ജനപ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായിരുന്നുവെന്നും പൊതുജീവിതത്തിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും സ്വരാജ് പറഞ്ഞു.

ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, എം.സി. ജോസ്, കെ.വി. കൃഷ്ണൻ, പി.കെ. നിഷാന്ത്, എം. ഹമീദ് ഹാജി, അഡ്വ. രമാദേവി, പി.പി. രാജു, അഡ്വ. എ. ഗോപാലൻ നായർ, അഡ്വ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

ഫൗണ്ടേഷൻ സെക്രട്ടറി കെ. സബീഷ് ഫൗണ്ടേഷന്റെ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow