മലയോര മേഖലയിലേക്ക് കടത്തിയ 930 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ചെറുപുഴയിൽ രണ്ടുപേർ പിടിയിൽ
ചെറുപുഴ: മലയോര മേഖലയിലെ ഏജന്റുമാർക്ക് വിതരണം ചെയ്യാനായി കാറിൽ കടത്തിക്കൊണ്ടുവന്ന 930 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ചെർക്കള സ്വദേശിയായ അബ്ദുൾഖാദർ (39), പാടിയോട്ടുചാൽ വങ്ങാട്ടെ മുഹമ്മദ് അസ്ലം (39) എന്നിവരാണ് പിടിയിലായത്.
'ഓപ്പറേഷൻ തൂഫാൻ'യുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ പാടിയോട്ടുചാൽ വങ്ങാട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കെ.എൽ. 14 Z 0195 നമ്പർ ഹുണ്ടായി വെന്യു കാറിൽ മംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 930 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മലയോര മേഖലയിലെ ഏജന്റുമാർക്ക് വിൽപ്പന നടത്താനായിരുന്നു ഇവ കൊണ്ടുവന്നതെന്ന് പൊലീസ് അറിയിച്ചു.
ചെറുപുഴ പൊലീസ് ഇൻസ്‌പെക്ടർ കെ. ജെ. ജോബിയുടെ നിർദേശപ്രകാരം എസ്.ഐ. ക്ലിന്റ് മാത്യു, എ.എസ്.ഐ. പി. ബിജുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജോമിൻ തോമസ്, എം.വി. പ്രജിത്ത്, എൻ. സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?