വൃദ്ധസദനങ്ങൾ ഇനി 'സ്‌നേഹാലയം'; പേരുമാറ്റത്തിന് സർക്കാർ ഉത്തരവ്

Jul 30, 2026 - 07:43
 0
വൃദ്ധസദനങ്ങൾ ഇനി 'സ്‌നേഹാലയം'; പേരുമാറ്റത്തിന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ഇനി മുതൽ 'സ്‌നേഹാലയം' എന്നായിരിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

'വൃദ്ധസദനം' എന്ന പേര് ഇനി ഔദ്യോഗികമായി ഉപയോഗിക്കില്ല. സംസ്ഥാനത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ എന്നിവയിൽ പുതിയ പേര് ഉൾപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, 'വൃദ്ധസദനം' എന്ന പ്രയോഗം പൊതുസമൂഹത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

'വൃദ്ധർ' എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രൊഫ. വർഗീസ് മാത്യു നൽകിയ പരാതിയിലായിരുന്നു കമ്മീഷന്റെ ഇടപെടൽ. സർക്കാർ നേരത്തെ തന്നെ 'സ്‌നേഹാലയം' എന്ന പേര് അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും പല സ്ഥാപനങ്ങളിലും ഇപ്പോഴും പഴയ പേര് തുടരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow