ഓണാഘോഷത്തിനിടെ പൊട്ടക്കിണറ്റിൽ വീണ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കാഞ്ഞങ്ങാട്: ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനിക്കാടി പുല്ലാഞ്ഞിപ്പാറ സ്വദേശിയായ ധനേഷിന്റെ മകൻ സനൂപ് (15) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ചെമ്പ്രക്കാനത്ത് നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സനൂപ്, പരിപാടിക്കിടെ കൂട്ടുകാർക്കൊപ്പം മൂത്രമൊഴിക്കാൻ പോയപ്പോഴാണ് അബദ്ധത്തിൽ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. രാത്രി 8.45ഓടെയായിരുന്നു സംഭവം.
സനൂപ് കിണറ്റിൽ വീണതോടെ കൂട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കുട്ടിയെ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ചീമേനി ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ വി. ജയന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സാഹസികമായി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെ തുടർന്ന് പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു.
തിമിരി കുട്ടമത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സനൂപ്. മാതാവ്: സവിത.
What's Your Reaction?