ഉമ്മുൽ ഖുവൈനിൽ മരിച്ച ഫിറോസ് ചിത്താരിയുടെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തും

Sep 22, 2026 - 20:24
Sep 22, 2026 - 20:30
 0
ഉമ്മുൽ ഖുവൈനിൽ മരിച്ച ഫിറോസ് ചിത്താരിയുടെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തും

ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് ഉമ്മുൽ ഖുവൈനിൽ മരിച്ച കാഞ്ഞങ്ങാട് നോർത്ത് ചിത്താരിയിലെ പരേതനായ മീത്തൽ മൊയ്തീൻ കുഞ്ഞിൻ്റെ മകൻ ടി.വി. ഫിറോസിൻ്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 11.45ന് ദുബായ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം മംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നത്.

നാളെ പുലർച്ചെ ആറുമണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ എട്ടു മണിക്ക് വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിന് വെച്ചശേഷം നോർത്ത് ചിത്താരി ഖിള്ർ ​​ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് താമസസ്ഥലത്തുനിന്ന് ജോലിക്കായി പുറപ്പെട്ട ഫിറോസ് വൈകുന്നേരമായിട്ടും സ്ഥാപനത്തിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകരുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒമ്പതോടെ സ്ഥാപനത്തിന് സമീപത്തെ കച്ച പാർക്കിങ്ങിൽ കാറിനുള്ളിൽ ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിൽ ഫിറോസിനെ കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ആംബുലൻസും സ്ഥലത്തെത്തി. കാറിൻ്റെ ഗ്ലാസ് പൊളിച്ച് ഫിറോസിനെ പുറത്തെടുത്തെങ്കിലും ആംബുലൻസിൽ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. ആംബുലൻസ് ഡോക്ടറും ടെക്നീഷ്യൻമാരും നടത്തിയ പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

മൃതശരീരം ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ താമസമുണ്ടാകാൻ കാരണം.

ഭാര്യ: ഹാദിയ. മാതാവ്: മറിയം. സഹോദരങ്ങൾ: അഷ്റഫ് (കെ.എം.സി.സി. ഉമ്മുൽ ഖുവൈൻ കാസർകോട് ജില്ലാ സെക്രട്ടറി), ഹമീദ്, സൈനുദ്ധീൻ (കെ.എം.സി.സി. ഉമ്മുൽ ഖുവൈൻ സംസ്ഥാന സെക്രട്ടറി), ഹനീഫ, യൂസുഫ്, ഇസ്മായിൽ, സൗദ, ഫൗസിയ.

What's Your Reaction?

like

dislike

love

funny

angry

sad

wow