നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല.

Mar 3, 2025 - 09:58
 0
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല.

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. അപ്പീൽ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്.വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. മഞ്ജുഷയുടെ വാദം പൂർത്തിയായതിന് പിന്നാലെയായിരുന്നു കോടതി ചോദ്യം ഉന്നയിച്ചത്. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. സിബിഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണം പൂര്‍ത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്ഐടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എസ്‌ഐടി അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണമെന്നും ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow