ലോറിയിൽ കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റ് പിടികൂടി; ഒരാൾ അറസ്റ്റിൽ
പയ്യന്നൂർ: ലോറിയിൽ കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റുമായി ഒരാളെ പയ്യന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അടൂർ സ്വദേശി അഖിലാണ് പിടിയിലായത്.
പെരുമ്പ ദേശീയപാതയിൽ പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കിടെ സ്പിരിറ്റ് പിടികൂടിയത്. 200 കന്നാസുകളിലായി മംഗളൂരുവിൽ നിന്ന് അടൂരിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിർമാണം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തോതിൽ സ്പിരിറ്റ് കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി.
What's Your Reaction?