നാടൻ പശുവളർത്തലിന് അവസരം; മടിക്കൈ കൃഷിഭവന്റെ നേതൃത്വത്തിൽ പരിശീലനം
മടിക്കൈ: നാടൻ പശുക്കളെ വളർത്താനും പ്രകൃതി കൃഷിയുടെ ഭാഗമാകാനും താൽപര്യമുള്ളവർക്ക് അവസരമൊരുക്കി മടിക്കൈ കൃഷിഭവൻ. മടിക്കൈയിലെ കപില ഗോശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പണ്ട് കാലത്ത് നിലനിന്നിരുന്ന പശുക്കളെ വളർത്താൻ നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാടൻ പശുക്കുട്ടിയെ വളർത്താൻ നൽകി ആദ്യത്തെ കുട്ടിയെയും അക്കാലയളവിലെ കറവയും ഏറ്റെടുത്ത് രണ്ടാമത്തെ കുട്ടിയെയും അമ്മപ്പശുവിനെയും തിരികെ വാങ്ങുന്ന രീതിയിലാണ് കപില ഗോശാല പദ്ധതിയുമായി സഹകരിക്കുന്നത്.
മടിക്കൈ കൃഷിഭവൻ നടപ്പാക്കുന്ന പ്രകൃതി കൃഷി പദ്ധതിയിലെ അംഗങ്ങൾക്ക് പശുക്കൾ പ്രധാന ഘടകമാണ്. പ്രകൃതി കൃഷി വ്യാപകമാക്കുന്നതിനും നാടൻ പശുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി കപില ഗോശാലയുടെ ‘അഭിവൃദ്ധി’ പദ്ധതിയാണ് കൃഷിഭവൻ വഴി നടപ്പാക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനം കാസർഗോഡ് ATMAയുടെ സഹകരണത്തോടെ സെപ്റ്റംബർ 16ന് രാവിലെ 10 മുതൽ മടിക്കൈ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പശുവളർത്തൽ, പ്രകൃതി കൃഷി, ‘അഭിവൃദ്ധി’ പദ്ധതി എന്നിവയെക്കുറിച്ച് പരിശീലനവും അവബോധവും നൽകും. മടിക്കൈ വെറ്ററിനറി സർജൻ ഡോ. ശരണ്യ, കൃഷി വിജ്ഞാൻ കേന്ദ്ര വിഷയ വിദഗ്ധൻ ഡോ. ബഞ്ചമിൻ മാത്യു, കപില ഗോശാല സി.ഇ.ഒ. പി.കെ. ലാൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും.
പരിശീലനത്തിൽ പങ്കെടുക്കുന്ന താൽപര്യമുള്ളവർക്ക് നാടൻ പശുക്കളെ വളർത്താനുള്ള അവസരവും പ്രകൃതി കൃഷിക്ക് ആവശ്യമായ വിവിധ ഘടകങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള അവസരവും ഒരുക്കും.
രജിസ്ട്രേഷൻ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചുവരെ നടത്താം. പേര്, വാർഡ്, മൊബൈൽ നമ്പർ എന്നിവ താഴെപ്പറയുന്ന നമ്പറുകളിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യാമെന്ന് മടിക്കൈ കൃഷി ഭവൻ ഓഫീസർ അറിയിച്ചു.
9383472302, 9072943390, 9496704483, 9778474174
What's Your Reaction?